കൊച്ചി: കെ റെയിലിനെതിയായ രണ്ടാംഘട്ട സമരത്തിനൊരുങ്ങി സമര സമിതി. പദ്ധതി അവസാനിപ്പിച്ച് സർക്കാർ ഉത്തരവ് ഇറക്കുന്നത് വരെ സമ‍രം തുടരാൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിന്‍റെ ഭാഗമായി തിരുവോണ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് സമര സമിതി അറിയിച്ചു.

പ്രതിഷേധത്തെ തുടർന്ന് അതിരടയാള കല്ല് സ്ഥാപിച്ചുള്ള സർവേ അവസാനിപ്പിച്ചെങ്കിലും പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറില്ലെന്ന വിലയിരുത്തലിലാണ് സമരസമിതി. പദ്ധതിയെ പ്രകീർത്തിച്ചുള്ള പരസ്യങ്ങൾ കെ റെയിൽ പുറത്ത് വിടുന്നത് ഇതിന്‍റെ ഭാഗമാണെന്ന് വിലയിരുത്തിയ സമര സമിതി, കെ റെയിൽ പ്രതിഷേധക്കാർക്ക് നേരെ കേസെടുക്കുന്ന നടപടിയും സർക്കാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സമരത്തിൽ നേരിട്ട് പങ്കാളികളാകാത്തകർക്ക് എതിരെയും ഓരോ ദിവസവും കേസ് രജിസ്റ്റർ ചെയ്യുകയാണ്.

സമരത്തിന്‍റെ അടുത്ത ഘട്ടം എന്ന നിലയിൽ രാഷ്ട്രപതിയ്ക്ക് ഭീമഹർജി നൽകും. തിരുവോണത്തിന് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന് പുറമേ ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് സമര സമിതി അറിയിച്ചു.

സില്‍വര്‍ ലൈന്‍ വിജ്ഞാപനം പുതുക്കും; സാങ്കേതികനടപടികള്‍ തുടരാനുള്ള തീരുമാനം കേന്ദ്രത്തിന്‍റെ എതിര്‍പ്പിനിടെ

സിൽവർ ലൈൻ സാമൂഹ്യ ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുതുക്കി ഇറക്കും. കാലാവധി തീർന്ന 9 ജില്ലകളിൽ പുതിയ വിജ്ഞാപനം ഈ ആഴ്ച്ച ഇറക്കും. നിലവിൽ പഠനം നടത്തിയ ഏജൻസികൾക്ക് ഒപ്പം പുതിയ ഏജൻസികളെയും പരിഗണിക്കും. വീണ്ടും ആറു മാസം കാലാവധി നൽകിയാകും വിജ്ഞാപനം. കേന്ദ്രസര്‍ക്കാരിന്‍റെ എതിർപ്പിനിടെയാണ് സംസ്ഥാനം ചെയ്യാനുള്ള സാങ്കേതിക നടപടികൾ തുടരാൻ കേരളം തീരുമാനിച്ചിരിക്കുന്നത്.

വി‍ജ്ഞാപനം പുതുക്കുന്നത് കരുതലോടെ മതി എന്ന് സംസ്ഥാനം തീരുമാനിച്ചിരുന്നു. നിയമ വകുപ്പുമായി ആലോചിച്ചു തീരുമാനം എടുക്കാനാണ്   റവന്യു വകുപ്പ് നീക്കം. 11 ജില്ലകളിലെ സർവേക്കുള്ള കാലാവധി തീർന്നു.ഒരു ജില്ലയിലും നൂറു ശതമാനം സർവേ തീർന്നിട്ടില്ല. നിലവിലെ വിജ്ഞാപനം റദ്ദാക്കണോ ഏജൻസികളെ നില നിർത്തണോ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ട്.  കേന്ദ്രം ഉടക്കി നിൽക്കുമ്പോൾ ഇനി വി‍ജ്‍ഞാപനം പുതുക്കിയിട്ട് കാര്യം ഉണ്ടോ എന്നും സംശയം ഉണ്ട്. അനുമതിയിൽ അനിശ്ചിതത്വം നിലനിൽക്കേ  കേന്ദ്രത്തെ  പഴിച്ചു വിവാദത്തെ നേരിടാനാണ് സർക്കാർ ശ്രമം.

അതിനിടെ, ബിജെപി കെ റെയിലിന് ബദല്‍ സാധ്യതകള്‍ തേടിയിട്ടുണ്ട്. ബദല്‍ ആവശ്യമുന്നയിച്ച്  കേന്ദ്ര റെയില്‍വെ മന്ത്രിയുമായി കേരളത്തിലെ ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ബദല്‍ ചർച്ച ചെയ്യാന്‍ കേരളത്തിലെ എംപിമാരെ വിളിക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. നേമം ടെർമിനല്‍ ഉപേക്ഷിക്കില്ലെന്ന്  റെയില്‍വെ മന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും നേതാക്കള്‍ പറഞ്ഞു.

അതിവേഗം സഞ്ചരിക്കാനാകുന്ന റെയില്‍ പാതയോട് യോജിപ്പുണ്ടെങ്കിലും നിരവധിപ്പേരെ കുടിയിറക്കുന്നതും ആശാസ്ത്രീയമായതുമാണ്  സില്‍വർലൈനിനോടുള്ള എതിർപ്പിന് കാരണമെന്നാണ് ബിജെപി  നിലപാട്.  ഈ സാഹചര്യത്തിലാണ് ബദല്‍ പദ്ധതിയുണ്ടാകണമെന്ന് ആവശ്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് മുന്‍പില്‍ കേരള നേതൃത്വം അവതരിപ്പിച്ചത്. ഈ പാര്‍ലമെന്‍റ് സമ്മേളനം അവസാനിക്കുന്നതിന് മുൻപ് ബദല്‍ പദ്ധതിയെ കുറിച്ച് ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പാർലമെന്‍റ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ചർച്ച നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ മോദി സർക്കാര്‍ തയ്യാറല്ലെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബിജെപി നേതാക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ , പി കെ കൃഷ്ണദാസ് ഉള്‍പ്പടെയുള്ള സംഘമാണ് മന്ത്രിയെ കണ്ടത്.

പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാൻ സർക്കാര്‍ സില്‍വ‍ർ ലൈനില്‍ മെല്ലെപ്പോക്ക് സ്വീകരിച്ചത് കൂടി കണക്കിലെടുത്താണ് ബിജെപിയുടെ നീക്കം. മൂന്നാം പാത നിര്‍മിച്ചോ, നിലവിലെ റെയില്‍ പാതയുടെ വികസനം നടത്തിയോ സില്‍വർ ലൈനിന്‍റെ വേഗത്തില്‍ ട്രെയിനോടിക്കാനാകില്ലെന്ന് കെ റെയിലും സംസ്ഥാന സർക്കാരും നേരത്തെ വ്യക്തമാക്കിയിരുന്നു. നേമം ടെർമിനല്‍ ഉപേക്ഷിക്കരുതെന്ന് മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടുവെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കുന്ന നീക്കം ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പ് തന്നതായും നേതാക്കള്‍ പ്രതികരിച്ചു.