ചെന്നൈ: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ (Army Helicopter crash) സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു (Bipin Rawat). വ്യോമസേനയാണ് സൈനിക മേധാവിയുടെ മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും (Madhulika Rawat) അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങി. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാൾ. ഇദ്ദേഹം വില്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.
വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. സുളൂർ വ്യോമസേന കേന്ദ്രത്തിൽൽ നിന്നും വെല്ലിംഗ്ടണ് ഡിഫൻസ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര. ഇതിനിടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്.
അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരുടെ പട്ടിക ഇങ്ങനെയാണ്:
1. ജനരൽ ബിപിൻ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയർ LS ലിഡ്ഡർ
4. ലഫ്. കേണൽ ഹർജിന്ദർ സിംഗ്
5. എൻ കെ ഗുർസേവക് സിംഗ്
6. എൻ കെ ജിതേന്ദ്രകുമാർ
7. ലാൻസ് നായ്ക് വിവേക് കുമാർ
8. ലാൻസ് നായ്ക് ബി സായ് തേജ
9.ഹവിൽദാർ സത്പാൽ
സംഭവിച്ചത് എന്ത് ?
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും സന്നദ്ധ പ്രവർത്തകയുമായ മധുലിക റാവത്തും ദില്ലിയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചത്. നാലര പതിറ്റാണ്ടു നീണ്ട സൈനിക ജീവിതത്തിൽ ബിപിൻ റാവത്തിനു ഏറെ വ്യക്തിബന്ധമുള്ള വെല്ലിംഗ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽ പുതിയ സേനാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. പരിപാടി നിശ്ചയിച്ചിരുന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് രണ്ടര മണിക്കൂർ നീണ്ട ആകാശ യാത്രയ്‌ക്കൊടുവിൽ പതിനൊന്നര മണിയോടെ ബിപിൻ റാവത്തും ഭാര്യയും സുലൂർ വ്യോമസേനാ താവളത്തിൽ എത്തി.
”മികച്ചൊരു സൈനികനായിരുന്നു ജനറൽ ബിപിൻ റാവത്ത് . ഒരു യഥാർത്ഥ ദേശസ്നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവിധാനങ്ങളേയും നവീകരിക്കുന്നതിൽ വളരെയധികം സംഭാവനകൾ നൽകി. പ്രതിരോധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അറിവും ഉൾക്കാഴ്ചയും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വേദന വളരെ വലുതാണ്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന നിലയിൽ, പ്രതിരോധസേനകളുടെ പരിഷ്കരണമടക്കം നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുമായി ജനറൽ റാവത്ത് സഹകരിച്ചു. കരസേനയിലെ ദീർഘകാലത്തെ പ്രവർത്തന പരിചയവുമായാണ് അദ്ദേഹം സംയുക്ത സൈനികമേധാവി സ്ഥാനത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല” – പ്രധാനമന്ത്രി നരേന്ദ്രമോദി