ദില്ലി: രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോൺ (Omicron) ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ടായി ഉയർന്നു. ചണ്ഡിഗഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടകം, കേരളം എന്നിവിടങ്ങളിൽ ഇന്ന് പുതിയ ഓരോ കേസ് വീതം റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യത്തെ ഒമിക്രോൺ (Omicron India) ബാധിതരുടെ എണ്ണം 38 ആയി ഉയർന്നത്. കേരളത്തിലും, ചണ്ഡീഗഡിലും, ആന്ധ്രപ്രദേശിലും കൂടി രോഗം സ്ഥിരീകരിച്ചതോടെ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയ സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി.
ചണ്ഡിഗഡിൽ ഇറ്റലിയിൽ നിന്നെത്തിയ ഇരുപത് വയസ്സുകാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ആന്ധ്രയിലെ രോഗി അയർലാൻഡിൽ നിന്നും, മഹാരാഷ്ട്രയിലെയും കർണാടകത്തിലെയും രോഗികൾ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവരാണ്. യുകെയില്‍ നിന്നും അബുദാബി വഴി കൊച്ചിയിൽ എത്തിയ എറണാകുളം സ്വദേശിക്കാണ് കേരളത്തിൽ രോഗബാധ സ്ഥിരീകരിച്ചത്. ഡിസംബര്‍ 6നാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം അദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഒമിക്രോണ്‍ പോസിറ്റീവ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം പതിനെട്ടായി. മുംബൈ നഗരത്തിൽ നിരോധനാജ്ഞ തുടരുകയാണ്. സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരിൽ ഒന്നരയും, മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. കുട്ടികളടക്കം രോഗികൾക്കാർക്കും ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.
ഇതിനിടെ ഒമിക്രോൺ കണ്ടെത്താൻ ഐസിഎംആറിൻറെ അസം യൂണിറ്റ് വികസിപ്പിച്ച ടെസ്റ്റിംഗ് കിറ്റ് അന്താരാഷ്ട്ര യാത്രക്കാർക്ക് പ്രതീക്ഷയേകുകയാണ്. രണ്ട് മണിക്കൂറിനുള്ളിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തുന്ന ടെസ്റ്റിംഗ് കിറ്റാണ് ഇവിടെ വികസിപ്പിച്ചത്. കിറ്റിൻറെ ലൈസൻസിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. അംഗീകാരം ലഭിച്ചാൽ അന്താരാഷ്രട വിമാന യാത്രക്കാർക്ക് പരിശോധന ഫലത്തിനായി മണിക്കൂറുകൾ വിമാനത്താവളങ്ങളിൽ കാത്തു നിൽക്കുന്നത് ഒഴിവാക്കാനാകും.
എന്താണ് ഒമിക്രോണ്‍?
സാര്‍സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വകഭേദത്തിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കൂടുതലായുള്ള പകര്‍ച്ചാശേഷി, പ്രതിരോധ ശക്തിയെ തകര്‍ക്കാനുള്ള കഴിവ്, ദക്ഷിണാഫ്രിക്കയില്‍ കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധനവ് ഇവ പരിഗണിച്ചാണ് ലോകാരോഗ്യസംഘടന ഇതിനെ വേരിയന്റ് ഓഫ് കണ്‍സേണ്‍ ആയി പ്രഖ്യാപിച്ചത്.
പരിശോധന എങ്ങനെ?
സാര്‍സ് കൊറോണ 2 വൈറസിനെ കണ്ടുപിടിക്കുവാന്‍ സാധരണയായി ഉപയോഗിക്കുന്നതും കൂടുതല്‍ സ്വീകാര്യവുമായ മാര്‍ഗമാണ് ആര്.റ്റി.പി.സി.ആര്. എങ്കിലും ഒമിക്രോണ്‍ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത് ഒമിക്രോണ്‍ ജനിതക നിര്‍ണയ പരിശോധന നടത്തിയാണ്.
എങ്ങനെ സുരക്ഷിതരാകാം?
അതിതീവ്ര വ്യാപനശേഷിയാണ് ഒമിക്രോണെ കൂടുതല്‍ അപകടകരമാക്കുന്നത്. ഇതുവരെ കൊവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിശോധ നടപടികള്‍ തുടരണം. മാസ്ക് ശരിയായി ധരിക്കുക, രണ്ട് ഡോസ് വാക്സിന് എടുക്കുക, ശാരീരിക അകലം പാലിക്കുക,കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുക, മുറികളിലും മറ്റും കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം.