ടോക്യോ: പത്താം വയസിൽ തുടങ്ങിയ അടങ്ങാത്ത അഭിനിവേശമാണ് ഒരു ഒളിംപിക് മെഡലോടെ പൂർണതയിലെത്തുന്നത്. രവികുമാർ ദഹിയ പോഡിയത്തിൽ നിൽക്കുമ്പോൾ അതൊരച്ഛൻ ഒഴുക്കിയ വിയർപ്പിന്‍റെ ഫലം കൂടിയാണ്. ഒരുനേരത്തെ അന്നത്തിന് പാടുപെടുമ്പോഴും മകന്‍റെ സ്വപ്നങ്ങൾക്കൊപ്പം നിന്ന അച്ഛന്‍റേത് കൂടിയാണ് ഈ മെഡൽ. ദില്ലിയിൽ പരിശീലിക്കുന്ന മകനുള്ള പാലും പഴവുമായി ഒരു പതിറ്റാണ്ട് കാലം സോനിപത്തിൽ നിന്ന് സൈക്കിൾ ചവിട്ടി വന്ന ആ മനുഷ്യനല്ലാതെ ആരെയാണ് നാം നന്ദിയോ ഓ‍ർക്കേണ്ടത്?

സോനിപ്പത്തുകാരുടെ രക്തത്തിൽ ഗുസ്തിയുണ്ടെന്ന് പറഞ്ഞാൽ പോലും അതിശയോക്തിയില്ല. അത്രയേറെയുണ്ട് താരങ്ങൾ. പത്താം വയസിൽ പാടത്തെ ദംഗലിൽ ഇറങ്ങിയതാണ് രവികുമാർ. പന്ത്രണ്ടാം വയസിൽ അച്ഛൻ മകനെയും കൂട്ടി ദില്ലിയിലേക്ക് പോയി. ഒളിംപ്യൻമാരെ സമ്മാനിച്ച ഛത്രസാൽ സ്റ്റേഡിയത്തിലെ പരിശീലനത്തിന്. പാട്ടത്തിനെടുത്ത പാടത്തെ ജോലിയെല്ലാംകഴിഞ്ഞ് സൈക്കിൾ ചവിട്ടി വരുന്ന അവശനായ അച്ഛന്‍റെ മുഖം മത്സരത്തിനിടെ പലവട്ടം രവികുമാറിന്‍റെ മനസിലേക്ക് ഓടിയെത്തിയിട്ടുണ്ടാവും.

വീറും വാശിയും മനസിൽ നിറച്ചത് ഒരു പക്ഷെ ആ മുഖമായിരിക്കും. പതിനെട്ടാം വയസിൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ നേടിയ വെള്ളിയിൽ തുടങ്ങിയ മെഡൽ വേട്ടയാണ് ഒടുവിൽ ഒളിംപിക്സിൽ എത്തി നിൽക്കുന്നത്. ഇടയ്ക്ക് പരിക്കിന്‍റെ പിടിയിലായെങ്കിലും രവി വിട്ടുകൊടുത്തില്ല. 23 വയസിന് താഴെയുള്ളവരുടെ ലോകചാമ്പ്യൻഷിപ്പിലും വെള്ളിനേടി തിരിച്ച് വരവ്.

രണ്ട് തവണ ഏഷ്യൻ ചാമ്പ്യൻ. ഇപ്പോൾ ഒളിംപിക്സും. ഛത്രസാലിൽ യോഗേശ്വർ ദത്തിന്‍റെ മുറിയിലാണ് രവി കഴിഞ്ഞിരുന്നത്. യോഗേശ്വറിനെ പോലെ താനുമൊരിക്കൽ പോഡിയത്തിൽ കയറുമെന്ന സ്വപ്നം ഒടുവിൽ യാഥാർഥ്യമാവുന്നു. അച്ഛന്‍റെ മകനൊപ്പം രാജ്യവും അഭിമാനിക്കുന്നു.