തിരുവനന്തപുരം: ജനുവരിയിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാനിരിക്കെ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്‌കൂളിൽ എത്തുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം സംബന്ധിച്ച തീരുമാനം സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗത്തിൽ തീരുമാനമായി.
സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി വ്യക്തമായ മാർഗനിർദേശങ്ങൾ പുറത്തിറക്കും. കൊവിഡ്-19 സാഹചര്യത്തിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ പിടിഐ യോഗം ഒരാഴ്‌ചയ്‌ക്കുള്ളിൽ ചേരും.
പല പ്രദേശങ്ങളിലും കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്നതിനാൽ ഓരോ വിഷയത്തിൻ്റെയും ഊന്നൽ മേഖലകൾ പ്രത്യേകം നിശ്ചയിക്കുന്നതിനും അനുസരിച്ച് വിലയിരുത്താനും നിർണയിക്കാനും എസ്ഇഇആർടിഐയെ ചുമതലപ്പെടുത്തി. മാർച്ച് മാസം നടക്കാൻ പോകുന്ന എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ കുറച്ചേക്കുമെന്ന് സൂചനയുണ്ട്.
പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകൾ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. വിദ്യാർഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട് കൗൺസിലിങ് ആവശ്യമുണ്ടെങ്കിൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുടെ ഏകോപനത്തോടെ സൗകര്യം ലഭ്യമാക്കും. സ്‌കൂൾ തുറന്ന് പ്രവർത്തിക്കുന്നതും പരീക്ഷാ നടത്തിപ്പുമായും ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.