പാനിപ്പത്ത്: ഗുസ്‌തിയിൽ പാനിപ്പത്തുകാരുടെ കരുത്ത് ഒരിക്കൽ കൂടെ തെളിയിക്കുകയാണ് വെങ്കല നേട്ടത്തിലൂടെ ബജ്‌റംഗ് പൂനിയ. ഒളിംപിക്‌സിൽ സ്വർണ മെഡല്‍ എന്ന തന്‍റെ അടങ്ങാത്ത ആഗ്രഹം പാരീസിലേക്ക് മാറ്റിവച്ചാണ് ബജ്‌റംഗ് ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്.

വീട്ട് മുറ്റത്തൊരുക്കിയ അഖാഡയിൽ പിച്ചവച്ച ബാല്യകാലമാണ് ബജ്‌റംഗ് പൂനിയയുടേത്. ഗുസ്‌തിയോ കബഡിയോ എന്ന പതിവ് പാനിപ്പത്തുകാരുടെ ചോദ്യത്തിന് അച്ഛന്‍ ഉത്തരം കണ്ടു. രണ്ട് മക്കളിലൊരാളെ ഫയൽവാൻ ആക്കണമെന്ന അച്ഛൻ ബൽവൻ സിംഗിന്‍റെ ആഗ്രഹത്തിനൊപ്പം അങ്ങനെ ഇളയവനായ ബജ്‌റംഗ് ഗോദയില്‍ ഇറങ്ങുകയായിരുന്നു. മഞ്ഞൾ ചേർത്ത് കുഴ‍ച്ച മണ്ണിന്‍റെ നനുത്ത ഗന്ധത്തെ അവൻ അതോടെ പ്രണയിച്ചു.

പ്രാദേശിക മത്സരങ്ങൾ കാണാനെത്തുന്നവർ നൽകുന്ന അഞ്ചും പത്തും രൂപാ നോട്ടുകളായിരുന്നു ആദ്യ പ്രതിഫലം. അന്ന് അതൊരു വലിയ സംഖ്യയായിരുന്നു. അവിടെനിന്ന് കാലമേറെ മുന്നോട്ടുപോയി. ഇന്ത്യയ്‌ക്കായി മൂല്യമുള്ള മെഡലുകൾ നേടി. 2017ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നമ്മുടെ ദേശീയഗാനം മുഴക്കാൻ ബജ്‌റംഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2019 ഏഷ്യൻ ചാമ്പ്യൻഷിപ്പ്, 2018 കോമൺവെൽത്ത് ഗെയിംസ് അങ്ങനെ നേട്ടങ്ങളുടെ പട്ടിക നീളുമ്പോള്‍ ഒടുവിലിതാ നമുക്കൊരു ഒളിംപിക് മെഡൽ കൂടി ലഭിച്ചിരിക്കുകയാണ്.

അടുത്ത പാരീസ് ഒളിംപിക്‌സിലേക്ക് സ്വര്‍ണ സ്വപ്‌നങ്ങള്‍ നെയ്യുകയാണ് ബജ്‌റംഗ് പൂനിയ. ഒളിംപിക് വേദിയിൽ ഒരിക്കൽ കൂടി നമ്മുടെ ദേശീയ ഗാനം മുഴങ്ങുമ്പോള്‍ അതില്‍ ബജ്‌റംഗിന്‍റെ പേരുമുണ്ടാവട്ടെ.

ടോക്കിയോ ഒളിംപിക്‌സില്‍ പുരുഷ വിഭാഗം 65 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്‌തിയിലാണ് ബജ്‌റംഗ് പൂനിയ വെങ്കലം നേടിയത്. മൂന്ന് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുള്ള കസാഖ്സ്ഥാന്റെ ദൗളത് നിയാസ്‌ബെകോവിനെ ബജ്‌റംഗ് വീഴ്‌ത്തുകയായിരുന്നു. കസാഖ് താരത്തിന് ഒരു പോയിന്റ് പോലും നേടാന്‍ സാധിച്ചില്ല. എന്നാല്‍ ഇന്ത്യന്‍ താരമാവട്ടെ എട്ട് പോയിന്റുകളോടെ ജയം ആധികാരികമാക്കി.