തിരുവനന്തപുരം: കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ സംസ്ഥാനവും പെട്രോളിനും ഡീസലിനും വില കുറയ്ക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണെന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഇന്ന് വൈകുന്നേരമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇന്ധന നികുതി കുറച്ചത്. എക്സൈസ് തീരുവ പെട്രോൾ ലിറ്ററിന് എട്ട് രൂപയും ഡീസൽ ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയുമെന്നായിരുന്നു കരുതിയത്. സംസ്ഥാനവും വില കുറയ്ക്കുന്നതോടെ വിലക്കയറ്റത്തിന്റെ ഭീതി ഒഴിവാകുമെന്ന് മാത്രമല്ല, സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വലിയ കുറവും ഉണ്ടാകും.